ഗുരു
"നിങ്ങളും ഞാനും ഈ രാജാവുമെല്ലാം യുഗയുഗാന്തരങ്ങളായി ഉൾകാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങളാണ്"
ആദ്യമായി ഗുരു എന്ന സിനിമ കണ്ടപ്പോൾ വ്യക്തമായൊരു ധാരണ ലഭിച്ചില്ല,പക്ഷേ ഏതൊരാളെപോലെയും അന്ധകാരത്തിന്റെ ലോകം എന്നിലെ പ്രേക്ഷകനെയും ആകർഷിച്ചു,ചിലപ്പോൾ അത് ഒരുക്കിയതിന്റെ പ്രത്യേകതകൊണ്ടും ആവാം. ആദ്യ തവണ കണ്ടപ്പോൾ ലഭിച്ച ഒരു സന്ദേശം അഥവാ ആ ഒരു കാഴ്ചപ്പാടല്ല പിന്നീട് പലപ്പോളായി കണ്ടപ്പോൾ ഉണ്ടായത്. ഓരോ തവണ കാണുമ്പോളും നമുക്ക് ചുറ്റുമുള്ള ഓരോ കഥകളിലൂടെ സിനിമ സഞ്ചരിക്കുന്നു.
ഓസ്ക്കാർ പോലുള്ള ഏറ്റവും വലിയ പുരസ്ക്കാരത്തിന് നമ്മുടെ കൊച്ചു ഇൻഡസ്ട്രിയിൽ നിന്നുള്ള സിനിമ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് നമുക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.പക്ഷേ ഇന്നത്തെ സമൂഹത്തിലെ നമ്മളെ ഓരോരുത്തരെയും തന്നെയാണ് ഈ സിനിമ ചോദ്യം ചെയ്യുന്നത് എന്നു കൂടി മനസിലാക്കേണ്ടിയിരിക്കുന്നു.അത് ഒന്നുകൂടെ ഓർമ്മിപ്പിക്കുവാൻ വേണ്ടിയാണ് ഇതെഴുതുന്നത്.
"കാലകാലങ്ങളായി ആവർത്തിച്ചുവരുന്ന തെറ്റുകളിലൂടെ സ്വയം തിരിച്ചറിവ് നഷ്ട്ടപ്പെട്ട ജനതയുടെ നേതാവ്"
അവസാനരംഗങ്ങളിലെ രഘുരാമന്റെ ഈ സംഭാഷണം ശരിക്കും ഇരുത്തി വായിക്കുന്നത് നല്ലതായിരിക്കും, ഒന്ന് ചിന്തിച്ച് നോക്കിയാൽ തന്നെ നമ്മള്ളും സ്വയം തിരിച്ചറിവ് നഷ്ട്ടപ്പെട്ടവരാണെന്ന് ബോധ്യമാവും.
സ്ത്രീകൾ ശബരിമല കയറിയപ്പോൾ നാം കണ്ടതാണ് നാം ഉൾപ്പെടുന്ന സമൂഹം പ്രതികരിച്ചത് എങ്ങനെയൊക്കെ ആണെന്ന്, മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കുള്ള പ്രവശനവുമായുള്ള ചർച്ചകൾ, അത് പോലെ തന്നെ എല്ലാ മതങ്ങളിലും മറ്റും പിൻതുടരുന്ന അനാചാരങ്ങൾ...ഭാരമുള്ള കുരിശു മരങ്ങൾ ചുമന്ന് മല കയറുന്നത്,ശൂലം കുത്തിയും മറ്റുമുള്ള വഴിപാടുകൾ.
സിനിമയിൽ കാണുന്ന മറ്റൊരു രംഗം ഉണ്ട്,ജനിച്ചു വീഴുന്ന കുഞ്ഞിന് "ഇലമാ പഴം" കൊടുക്കുന്നത്.പറയാതെ തന്നെ ഇത് പറഞ്ഞിരിക്കുന്നത് നമ്മൾ കുട്ടികളെ മതങ്ങളിൽ ഉൾപ്പെടുത്തുന്നതിനെ അല്ലേ?
ചോറൂണ്,ഇരുപത്തിയെട്ട് നടത്തിയാൽ മതി, പിറ്റേന്ന് തൊട്ടു ഹിന്ദുവായി,മുസ്ലീം ആവണമെങ്കിൽ സുന്നത്ത് നടത്തിയാൽ മതി,ആ സമയം ക്രൈസ്തവൻ ആവാൻ വിശുദ്ധ ജലത്തിൽ മുക്കേണ്ടിയിരിക്കുന്നു.
ഇലാമാപഴത്തിന്റെ കുരു ഭക്ഷിക്കാൻ ആരും താല്പര്യപ്പെടുന്നില്ല,ഓരോ മതങ്ങളും ഉയർത്തികാട്ടുന്ന മൂല്യങ്ങളാണ് അതെന്ന് നാം തിരിച്ചറിഞ്ഞിട്ടും അത് ഉൾകൊള്ളാൻ തയ്യാറാവാതെ അവഗണിക്കുന്നു.
ഇലാമാ പഴങ്ങൾ ആരാധന ദോഷമാണ് എന്ന് നായകൻ തിരിച്ചറിയുന്നുണ്ട് അവ സാനഭാഗത്ത്,ആ തിരിച്ചറിവ് നമ്മുക്കും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഏതെങ്കിലും ഒരു മതത്തിന്റെ വികാരത്തെ വ്യണപ്പെടുത്താൻ അല്ല ഇങ്ങനെ എഴുതുന്നത്,കാഴ്ച നഷ്ടപ്പെട്ട നമ്മുക്ക് കാഴ്ച നൽകാൻ ഈശ്വരൻ അയച്ച രഘുരാമന്റെ വാക്കുകളിലൂടെ വിലയിരുത്തുന്നു എന്നുള്ളൂ.
താൽകാലിക ഭരണ നേട്ടങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പാർട്ടികൾ മതങ്ങളെ കൂട്ടുപിടിക്കുന്നത് നമ്മുക്ക് മുന്നിലുള്ള സംഭവങ്ങളാണ്, മതം പറഞ്ഞ് വോട്ടു നേടുന്നത് രാജ്യത്ത് ഇന്നൊരു തന്ത്രമായി മാറിയിരിക്കുന്നു.
'അന്ധതയുടെ മറവിൽ ദുഷ്ടനായ ഈ രാജാവ് ദുർഭരണം നടത്തുകയാണ്' സിനിമയിലേത് പോലെ നമ്മുടെ നാട്ടിലെ ജനങ്ങളും ഈ സത്യം തിരിച്ചറിഞ്ഞ് ആയുധമെടുക്കുമെന്ന് രാഷ്ട്രീയ നേതാക്കളും ഓർക്കേണ്ടിയിരിക്കുന്നു.
ഭരണഘടനാപരമായി ഏത് പൗരനും ഏത് മതത്തിലും വിശ്വസിക്കാൻ അവകാശമുണ്ട്,ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ പാർട്ടികൾക്കും പ്രവർത്തിക്കാൻ സ്വാന്തന്ത്രവും ഭരണഘടന അനുവദിക്കുന്നു. എന്നാൽ സ്വാർത്ഥ ലാഭം ലക്ഷ്യമിടുന്നവർ നമ്മുടെ വിശ്യാസത്തെ വോട്ടാക്കാൻ ശ്രമിക്കുന്നു.സ്വാഭാവികമായും അന്ധരായ നാം പ്രേരണകളിൽപ്പെട്ട് അത് ശരിയെന്ന് ഉറപ്പിക്കുന്നു.
വാൽകഷ്ണം:-ഇന്ന് ഈ തിരഞ്ഞെടുപ്പുവേളയിൽ ഈ സിനിമക്ക് പ്രസക്തി കൂടുതലാണെന്ന് തോന്നുന്നു.കണ്ണിനു ബാധിച്ച അന്ധത അല്ല മനസിന്റെ അന്ധതയെ നീക്കം ചെയ്യുക.മതങ്ങൾ നൽകുന്ന മൂല്യങ്ങൾ മനസോട് ചേർത്ത് വക്കാൻ എപ്പോഴും ശ്രമിക്കുക.
സിനിമാതൂലിക:-മുഹമ്മദ് അസ്ഹറുദ്ദീൻ
Comments
Post a Comment